Monday, April 15, 2013

RIT യിലെ നോമ്പ് കാലം....

                             student സുവിധയെ കുറിച്ചുള്ള  (സ്റ്റുഡൻറ്റ് സുവിധ ചില ഓർമ്മകൾ )   എന്റെ മുൻ ബ്ലോഗ്‌ പോസ്റ്റിൽ RIT യിലെ നോമ്പ് കാലത്തേ ഓര്മകളിലേക്ക് ചെറുതായി ഒന്ന് ഇറങ്ങി ചെന്നപ്പോ തന്നെ മനസ്സിലേക്ക് അന്നത്തെ നിറമുള്ള ഓർമ്മകളൊക്കെ ഒന്നൊന്നായി വരാൻ തുടങ്ങിയിരുന്നു. വിഷയം വേറെ  ആയതു കൊണ്ട് അവിടെ കൂടുതലായി എഴുതിയില്ല എന്നെ ഒള്ളൂ. അപ്പോഴേ ഓർത്തിരുന്നു ഇതൊരു വിഷയമായി എഴുതണം എന്ന്.

                                
നോമ്പ് കാലം എന്നും ഗൃഹാതുരമായ ഓർമ്മകൾ ആണ് സമ്മാനിക്കുന്നത്.. പുണ്യം നിറയുന്ന ദിന രാത്രങ്ങളും പവിത്രമായ മനസ്സുകളും എല്ലാം കൊണ്ട് അനുഗ്രഹീതമായ കാലം.. RIT യിലെ  നോമ്പ്  കാലം വന്നു അണയുമ്പോൾ മനസ്സില് ചെറിയ പേടിയുണ്ടായിരുന്നു.. എങ്ങനെ ആയിരിക്കും ഇവിടെ നോമ്പ് പിടിക്കലും നോമ്പ് തുറക്കലും എല്ലാം എന്ന ഒരു ചിന്ത..  ഹോസ്റ്റലിൽ നോമ്പ് എടുക്കാൻ ഞാനും ഫിറോസും മാത്രം... തലേ ദിവസത്തെ ചപ്പാത്തി എടുത്തു വെച്ചും തക്കാളി കൊണ്ട് കറി ഉണ്ടാക്കിയും, ബ്രെഡും മുട്ടയും, അവിൽ നനച്ചതും ഒക്കെ ആയിരുന്നു ഞങ്ങളുടെ  അത്താഴം. അവിലിന്റെ കാര്യം പറയുമ്പോ ഒരു കാര്യം ഓർമ  വരുന്നു , ഒരു ദിവസം ഞങ്ങൾ പാമ്പാടിയിൽ പോയി അവിൽ വാങ്ങിച്ചു...ഞങ്ങളുടെ നാട്ടിലൊക്കെ അവിൽ ഉപയോഗിക്കുന്നതിന്റെ മുൻപ് നന്നായി കഴുകാറുണ്ട്... കടയിൽ നിന്നും അതിൽ എന്തേലും അഴുക്കുകൾ കയറി കൂടിയിട്ടുണ്ടെങ്കിൽ അതെല്ലാം കളയാനാണ് ഇത്. ഞങ്ങൾ നാട്ടിലെ അവിലിന്റെ ഓർമ്മയിൽ കോട്ടയം അവിലും നന്നായി വെള്ളത്തിൽ ഇട്ടു കഴുകി... കഴുകി വെള്ളത്തിൽ നിന്നും അവിലെടുക്കാൻ നോക്കുമ്പോ അവിലെല്ലാം വെള്ളത്തിൽ അലിഞ്ഞു പോയിരിക്കുന്നു... ഒരു തരം അവിൽ പായസം പോലെ.. അന്ന് പിന്നെ കട്ടൻ ചായ കുടിച്ചു നോമ്പ് പിടിക്കേണ്ടി വന്നു എന്ന് മാത്രം. ഇടയ്ക്കിടെ seniors ലെ സനലും വിപിനും നമ്മുടെ കിരണും ഒക്കെ ഉണ്ടാകുമായിരുന്നു നോമ്പ് പിടിക്കാൻ..
               
അവസാന വര്ഷം ആയപ്പോഴേക്കും   (Projectന്റെ സമയം) ഹോസ്റ്റലിൽ കുറെ juniors കൂടെ ഉണ്ടായി നോമ്പ് പിടിക്കാൻ. ആ വർഷം അത്താഴം BTech ഹോസ്റലിൽ ആയിരുന്നു. പാതി രാത്രി കഴിഞ്ഞു എഴുന്നേറ്റു മറ്റുള്ളവരെയും വിളിച്ചു എണീപ്പിച്ചു മൊബൈൽ വെളിച്ചത്തിൽ ഹൊസ്റ്റലിലെ വഴികൾ താണ്ടി സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിൽ കുളിച്ചു കിടക്കുന്ന കോളേജ്  വഴികളിലൂടെ  നടന്നു പോയുള്ള ആ അത്താഴം കഴിക്കൽ ഒരു അനുഭവം തന്നെ ആയിരുന്നു... പുട്ട്,വെള്ളപ്പം, ദോശ, ഇഡ്ഡലി ഇവയൊക്കെ ആയിരുന്നു വിഭവങ്ങൾ ..  BTech കരോട് കൂടെ ഉള്ള അത്താഴം നല്ല രസമായിരുന്നു...

           
പള്ളിയിൽ പോയുള്ള നോമ്പ് തുറ അതിലേറെ രസകരമായിരുന്നു. നോമ്പ് തുറയെ പറ്റിയൊക്കെ ആദ്യമേ കേട്ടിരുന്നു. നോമ്പ് തുടങ്ങുന്നതിനു മുന്നേ തന്നെ പള്ളിയിയുടെ മുറ്റത്ത്‌ പന്തലൊക്കെ ഇട്ടു അഥിതികളെ സ്വീകരിക്കാൻ ഒരുങ്ങും. പള്ളിയിൽ ചെല്ലുമ്പൊ തന്നെ കാണാം വെള്ളവും കാരക്കയും ഒക്കെ ഓരോരുത്തര്ക്കായി വച്ചിരിക്കുന്നത്... ആദ്യം അത് കഴിച്ചു പിന്നെ നമസ്കാരം കഴിഞ്ഞാണ് വിശാലമായ തുറ. ആദ്യ ദിവസം നമസ്കാരം കഴിഞ്ഞു ഏറെ പ്രതീക്ഷയോടെ ഭക്ഷണം കഴിക്കാൻ വന്ന ഞാൻ കണ്ടത് പാത്രങ്ങളിൽ  ആവി പറക്കുന്ന കഞ്ഞി ആണ്. കഞ്ഞിയും അച്ചാറും ഒന്നിച്ചു വിളമ്പിയ ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്... ചങ്കു തകര്ന്നു പോകും.. വയറു നിറയെ  പത്തിരിയും കോഴിക്കറിയും തിന്നാൻ പൂതി വെച്ചവനാണ് ആ കാഴ്ച  കാണേണ്ടത് എന്ന് മാത്രം. പിന്നെ ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് പറഞ്ഞ പോലെ കിട്ടിയത് കഴിച്ചു... കാണും പോലെ അല്ല സംഭവം കൊള്ളാമായിരുന്നു... (ആ കാലത്ത് വീട്ടിൽ വരുമ്പോ എല്ലാരും പറയും അവനു അവിടെ നോമ്പ് തുറക്കാൻ കഞ്ഞിയാണ് കിട്ടാറു , അത് കൊണ്ട് ആദ്യം അവനു കൊടുക്ക്‌ എന്ന്... ഒരു നല്ല പരിഗണന കിട്ടിയിരുന്നു എന്നർഥം). പിന്നീട് എത്ര നോമ്പ് തുറകളിൽ ആ കഞ്ഞി  കടന്നു വന്നിരിക്കുന്നു. ഒഴിവു  ദിവസങ്ങളിൽ ആളു കുറവുള്ള  ദിവസങ്ങളിൽ ചിക്കെനും അപ്പവും ബീഫും ഒക്കെ കിട്ടിയത് മറക്കുന്നില്ല. സുമനസ്സുകളുടെ കാരുണ്യത്തിൽ നടന്നിരുന്ന ആ നോമ്പ് തുറ നമ്മുടെ കോളേജിലെ പിള്ളാർക്ക് ഒരു വലിയ അനുഗ്രഹം തന്നെ ആയിരുന്നു. കിരണും മറ്റും ആദ്യത്തെ ചെറിയ തുറ കഴിഞ്ഞു ഞങ്ങൾ നമസ്കാരം കഴിഞ്ഞു വരാൻ കാത്തിരിക്കുന്നത്  എനിക്ക് ഇപ്പോഴും ഓർമയിൽ വരുന്നു.
   
               നോമ്പ് തുറ കഴിഞ്ഞു എല്ലാരുടെയും കൂടെ സൊറ പറഞ്ഞു ഹോസ്റ്റൽ ലക്ഷ്യമാക്കിയുള്ള യാത്ര അതും ഒരു സംഭവം തന്നെ ആണ്  , എത്രയോ തവണ ചീറി പാഞ്ഞു വരുന്ന വാഹനങ്ങളിൽ  നിന്നും രക്ഷപെട്ടിട്ടുണ്ടാന്നോ !!!! (നമ്മൾ റോഡ്‌ അരികിലൂടെ തന്നെയാണ് നടക്കാറു  എന്നാലും...) അങ്ങനെ ഉള്ള ഒരു ദിവസത്തെ യാത്രയിൽ ബിനോദ്ൻറെയും ജുടിന്റെയും ഒക്കെ റൂമിൽ വച്ച് ഒരു സംഭവം ഉണ്ടായി.. സംഭവം ഇത് വായിക്കുന്ന ചിലര്ക്കൊക്കെ അറിയാം... ഞാൻ ഇവിടെ സൂചിപ്പിക്കുന്നില്ല. ചില ദിവസങ്ങളിൽ ഞങ്ങൾ (ഞാൻ, ഫിറോസ്‌,സനൽ) അവിടെ കയറിയിട്ടാണ് വരാറ്. ആ സംഭവത്തോടെ അവിടെ കയറുന്ന പതിവ് ഞങ്ങൾ നിർത്തി.. റോഡ്‌ സൈഡിൽ നിന്നുള്ള ഹായ് മാത്രമായി പിന്നെ...
                        
  നോമ്പ്  അവസാനത്തിൽ RIT students നടത്തുന്ന നോമ്പ് തുറയാണ് പിന്നെ ഉള്ള ഒരോര്മ്മ.. ആ ദിവസത്തെ ഉൽബോധന ക്ലാസും നോമ്പുതുറയും  girls ലെ പലര്ക്കും ഓര്മ്മ കാണും എന്ന് കരുതുന്നു... ഒരു വര്ഷത്തെ  കോളേജ് students ന്റെ നോമ്പ് തുറ ദിവസം ഉൽബോധന ക്ലാസ്സ്‌ എടുക്കാൻ വന്ന ഉസ്താദിനെ കൊണ്ട് വിടാൻ നറുക്ക് വീണത്‌ എനിക്കാണ്. അദ്ധേഹത്തെ കോട്ടയത്ത്‌ ചെന്ന് ആക്കിയപോഴേക്കും ബാങ്ക് വിളിച്ചു. ആ പള്ളിയിൽ  നിന്നും നോമ്പ് തുറക്കേണ്ടി  വന്നു. വിഭവം നമ്മുടെ കഞ്ഞി തന്നെ. (പാപി ചെല്ലുന്നിടം പാതാളം എന്ന പോലെ ...) ബാക്കി എല്ലാരും ചിക്കനും പൊറോട്ടയും തട്ടി വിടുമ്പോ ഞാൻ ആ കഞ്ഞി ഊതി കുടിച്ചു കൊണ്ടിരുന്നു. തിരികെ മടങ്ങുമ്പോ കഴിക്കാൻ പോകുന്ന ചിക്കെന്റെയും പോറോട്ടയുടെയും ചിന്തയിൽ ഞാൻ വണ്ടി വിട്ടു. പക്ഷെ ഏറെ പ്രതീക്ഷയോടെ പള്ളിയിൽ എത്തിയപ്പോ അവിടെ സാധനം തീര്ന്നു പോയിരിക്കുന്നു.. സംഘാടകർക്ക് ഇങ്ങനെ ഒക്കെ ഉണ്ടാകും എന്ന് സമാധാനിച്ചു കുറച്ചു ബ്രെഡ്‌ കൊണ്ട് അഡ്ജസ്റ്റ് ചെയ്തു...
                   ഒരു നോമ്പ് കാലം പടി വാതിലിൽ എത്തി നില്ക്കുമ്പോ ഇക്കാര്യങ്ങളൊക്കെ ഒര്ക്കാൻ ഒരു രസം...
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ ............................

Wednesday, April 3, 2013

സ്റ്റുഡൻറ്റ് സുവിധ ചില ഓർമ്മകൾ .........

             സുഗന്ധിയുടെ ഹോസ്റ്റൽ ഓർമകളിലെ ഒരു ദിവസം എന്ന ബ്ലോഗ്‌ പോസ്റ്റ്‌  വായിച്ചപ്പോഴാണ് പണ്ടത്തെ  സ്റ്റുഡൻറ്റ്   സുവിധ വീണ്ടും ഓർമയിലേക്ക്  വന്നത്. idea  connection ഉപയോഗിച്ച് ഒരു ഐഡിയയും ഇല്ലാതെ നില്ക്കുമ്പോഴാണ് നാട്ടിൽ പോയി വന്ന ഒരു ദിവസം സെബു BSNL ന്റെ പുതിയ connection  നെ പറ്റി പറയുന്നത്. ധാരാളം sms അയക്കാമെന്നും കാൾ ചാർജ് കുറവാണു എന്നും കേട്ടപ്പോ ഒന്ന് എടുത്തു കളയാം എന്ന് കരുതി. തേടി നടപ്പോ സാധനം കിട്ടാനില്ല. അവസാനം ഒരു ദിവസം  മഞ്ചേരിയിൽ പോയപ്പോ വെറുതെ ടെലിഫോണ്‍ എക്സ്ചേഞ്ച്ൽ  ഒന്ന് കയറി നോക്കി.. അവിടെ ആകെ ഒരു സിം ബാക്കി ഉണ്ട്. അവിടെ ഉള്ള ഓഫീസർ അങ്ങേരുടെ മകന് കൊടുക്കാൻ വേണ്ടി എടുത്തു വച്ചതായിരുന്നു പോലും... അവസാനം അത് എനിക്ക് തന്നു... ( പിന്നീട് റോഡു സൈഡിൽ പോലും ഈ സിം വാങ്ങാൻ കിട്ടിയത് വേറെ കാര്യം) 
 
                          കാര്യം എന്തൊക്കെ ആയാലും ആ സിം കൊള്ളാമായിരുന്നു. കുറെ കാൾ ഒക്കെ മെസ്സേജ് വഴി പോയി കിട്ടി... അങ്ങനെ ഓരോരുത്തരായി ഈ സിം വാങ്ങാൻ തുടങ്ങിയപ്പോ പൊതുവെ ദുര്ബലമായ bsnl നെറ്റ്‌വർക്ക് ഒന്നുടെ ദുര്ബലമായി... എല്ലാരും 2000 sms തീര്ക്കാൻ വേണ്ടി വേണ്ടതും  വേണ്ടാത്തതും ആയ എല്ലാ sms കളും എടുത്തു ഫോർവേഡ് ചെയ്യാനും തുടങ്ങി.. (അങ്ങനെ ഒരു അമളിയാണ്‌   സുഗന്ധിക്ക് പറ്റിയത് ഹോസ്റ്റൽ ഓർമകളിലെ ഒരു ദിവസം ) അതോടു കാളുകളും sms ഉം ഒക്കെ കൃത്യമായി പോകാതെ ആയി. 

             അങ്ങനെ ഇരിക്കെ റംസാൻ നോമ്പ് കാലമായി.   ഒരു ദിവസം ഉച്ചക്ക് ക്ലാസ്സിൽ ഇരിക്കുമ്പോ ഒരു sms വന്നു.(RIT യിലെ നോമ്പ് കാലം എന്നും നല്ല  ഓർമ്മകളാണ് സമ്മാനിച്ചത്‌.... പള്ളിയിൽ  പോയി നോമ്പ് തുറക്കുമ്പോഴുള്ള അനുഭവങ്ങൾ മറക്കാൻ പറ്റില്ല... കിരണും സനലും പാപ്പിയും വിപിനും Btech ലെ പലരും  അടക്കം ഒരു പാട് നല്ല സുഹൃത്തുക്കൾ മത സാഹോദര്യം ഉയർത്തി  പിടിച്ചു നോമ്പ് എടുത്തു ഒന്നിച്ചിരുന്നു നോമ്പ് തുറന്നിരുന്നത്‌ നല്ല ഓർമ്മകൾ  തന്നെ ആണ്...) 
                           നോമ്പ് കാലത്തെ ഓർമകളിലേക്ക്  പോയി sms  വന്ന കാര്യം മറന്നു... ആ sms ഇങ്ങനെ ആയിരുന്നു .. "ശുഐബ് ബാങ്ക് വിളിക്കുമ്പോ ഒരു മിസ്സ്‌ കാൾ അടിക്കണം .. by  ഫാത്തിമ ". ഞാൻ ഉടനെ സമയം നോക്കി... 11 മണി ആകുന്നെ ഒള്ളു.. ഫാത്തിമ ക്ലാസ്സിലുണ്ട് താനും.. പാമ്പാടി പള്ളിയിൽ വിളിക്കുന്ന ബാങ്ക് ക്ലാസ്സിൽ കേൾക്കുകയും  ഇല്ല.. ഉച്ച നമസ്കാരത്തിന്റെ സമയവും ആയില്ല .. പിന്നെ എന്തിനാണ് അവൾ ഇപ്പൊ ഇങ്ങനെ ഒരു sms അയച്ചത്? ഞാൻ ആകെ കണ്‍ഫ്യൂഷൻ ആയി . ആ ക്ലാസ്സ്‌ കഴിഞ്ഞ ഉടനെ ഞാൻ ഫാത്തിമയുടെ അടുത്ത് ചെന്ന് കാര്യം ചോദിച്ചു.. അപ്പൊ അവൾ മിണ്ടുന്നില്ല... പിണക്കം പോലെ... കാര്യം അന്വേഷിച്ചപ്പോ അവൾ പറഞ്ഞ മറുപടി ഇതായിരുന്നു.... "ഇന്നലെ വൈകിട്ട് നോമ്പ് തുറക്കാൻ ബാങ്ക് വിളിക്കുമ്പോ ഒരു മിസ്സ്‌ കാൾ അടിക്കാൻ പറഞ്ഞിട്ട് നിനക്ക് അതിനു സമയം ഉണ്ടായില്ല അല്ലെ എന്ന്.... " ( പാവം മിസ്സ്‌ കാൾ കിട്ടാതെ കുറെ നേരം കൂടി നോമ്പ് തുടർന്ന് കാണും മുറിക്കാതെ) അതോടെ എന്റെ എല്ലാ കണ്‍ഫ്യൂഷനും തീർന്നു ... ഇന്നലെ വരേണ്ട sms ഇന്ന് ഇതാ ഇപ്പോഴാണ്‌ എനിക്ക് കിട്ടിയത് എന്ന് പറഞ്ഞു അത് കാണിച്ചു കൊടുത്തപ്പോ അവളും ഹാപ്പി.... BSNL കാരുടെ ഓരോ പണിയേ .... ( പിന്നീട് നോമ്പ് തീരും വരെ ഞാൻ മിസ്സ്‌ കാൾ അടിക്കുന്നത് മുടക്കിയിട്ടില്ല... മിസ്സ്‌ കാൾ അടിച്ച ശേഷമേ ഞാൻ നോമ്പ് തുറന്നിട്ടുള്ളൂ ..)

Wednesday, March 27, 2013

ഹോസ്റ്റൽ ഓർമകളിലെ ഒരു ദിവസം

ആദ്യമായാണ് ഞാൻ ഒരു ബ്ലോഗ്‌ എഴുതുന്നത്. വെറുതെ ഡയറിയിൽ കുത്തിക്കുറിക്കുമെങ്കിലും, ആരോടും എഴുതി ഷെയർ ചെയ്യാറില്ല  .  ചിലപ്പോഴൊക്കെ തോന്നാറുണ്ട്  ഓർമ്മകൾ എല്ലാം ഒന്നു എഴുതിനോക്കണമെന്ന് . പിന്നെ കരുതും ... വേണ്ട !!! ആ ഓർമകളുടെ ഭംഗി ഞാൻ എഴുതി നഷ്ടപ്പെടുത്തിയാലോ ???

പക്ഷേ.... ഇന്നു ഞാൻ എൻറെ ഹോസ്റ്റൽ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവം ( അത് കഴിഞ്ഞാണ് അറിഞ്ഞതെങ്കിലും എഴുതിയെടുക്കാൻ തീരുമാനിച്ചു. ഒരു പക്ഷേ യാതൊരു കാരണവശാലും ഈ ഓർമ്മയുടെ  ഭംഗി എനിക്ക് നഷ്ടപ്പെടില്ല എന്ന തോന്നലാകും ... ഇനി ആ ദിവസത്തിലേക്ക് ... 

student suvidha ..... ഒരു ഉത്സവം പോലെ എല്ലാരും  ഏറ്റെടുത്തപ്പോൾ vodaphone കത്തി സഹിക്കുകയായിരുന്ന  ഞാനും ഒരു connection എടുത്തു .... പിന്നെ  ഒരു മത്സരമായിരുന്നു , ആര് തീർക്കും 2000 മെസ്സേജ് ആദ്യം!!!! കയ്യിൽ കിട്ടിയിരുന്ന എല്ലാ forwarded മെസ്സേജ് ഉം പറ്റാവുന്നതരത്തിൽ മാറ്റിയെഴുതിയും അല്ലാതേയും ഞാനും ആ മത്സരത്തിൽ പങ്കു ചേർന്നു . തൊട്ടപ്പുറത്തെ റൂമിലെ കുഞ്ചുവിനോടും നേരെ മുന്നില് ഇരിക്കുന്ന നയനക്കും വരെ മെസ്സേജ് അയച്ച് ചാറ്റിങ് !!!! അങ്ങനെയിരിക്കെ ഒരു വൈകുന്നേരം ഞങ്ങളുടെ  607 ഇൽ എല്ലാരും പല പല പണികളിൽ . .  ഞാനാണേൽ ഇന്ന് forward ചെയ്യാൻ മെസ്സേജ് വല്ലോം ഉണ്ടോ എന്ന് ഫോണിൽ പരതുകയാണ് . അപ്പോളാണ്  എൻറെ  സുഹൃത്ത്,ഡിഗ്രി classmate രാജേഷ്‌ ഒരു മെസ്സേജ് അയക്കുന്നത്. 


"Ningalude Superstar 'Raju'vinodu Samsarikkunnathinayi tazhekanunna number ilekk 100 rs recharge cheyyuka.. Number: 9447..... E offer nastappeduthathirikkuka....!!!!"

ഏകദേശം ഇങ്ങനെയായിരുന്നു content . എനിക്ക് സന്തോഷമായി . ചളു മെസ്സേജ് അയക്കുന്ന സുഗു എന്ന് പേര് already ഉള്ളത്കൊണ്ട് നല്ല വൃത്തിയായി edit ചെയ്തു ഹോസ്റ്റൽ ഗ്രൂപിലേക്ക് forword ചെയ്തു . പ്രേത്യേകിച്ച് മറുപടിക്ക് ചാൻസ് ഇല്ലാത്തതുകൊണ്ട് ഞാൻ മറ്റുപണികളിലേക്ക് കടന്നു . 

പെട്ടെന്ന് ...... 

ഞങ്ങളുടെ റൂം വാതിൽ  തള്ളിത്തുറന്നു 604 ഇൽ ഉള്ള നമ്മുടെ സുമ  ഓടി വന്നു ചോദിച്ചു . 

"ആരാടി ഈ  വിനോദ് ???????". ഞാൻ ഞെട്ടി !!! അത് കണ്ടിട്ടാകണം അവളുടെ ചോദ്യത്തിനു  ശക്തി കൂടി ...  "സത്യം പറ, ആരാ ഈ വിനോദ്??"

ആ ചോദ്യത്തിലെ strength കൊണ്ടാകണം ഒരു നിമിഷം ഞാനും ആലോചിച്ചു പോയി ആരാണെന്നു !!!!!!

റൂമിൽ ബാക്കി എല്ലാരും(നയന,ഗ്രീഷ്മ, റെജീന,പാത്തു (604 അന്തേവാസി ആണേലും വൈകീട്ട് മിക്കപ്പോഴും  607 ഇൽ കാണും !!) അന്തം വിട്ടു നിൽപ്പാണ് ... അവരോടായി സുമ പറഞ്ഞു, "ഇപ്പോൾ ഇവൾ അയച്ച മെസ്സേജ് വായിച്ചോ അതിൽ എല്ലാം ഉണ്ട്" . 

ഞാൻ വേഗം എൻറെ ഫോണിലെ  sent items  എടുത്തു നോക്കി , അതിനു മുൻപേ സുമ അവളുടെ ഫോണ്‍ എന്റെ കയ്യിൽ വെച്ച് കാണിച്ചു , ഞാൻ അയച്ച മെസ്സേജ് 

"Ningalude Superstar Suguvinod
u Samsarikkunnathinayi tazheka
nunna number ilekk 100 rs recha
rge cheyyuka.. Number: 9446..... 
E offer nastappeduthathirikkuka..
..!!!!"

അപ്പോൾ ഫോണിൽ മെസ്സേജ് cut ആയതാണ് കാര്യം . മെസ്സേജിലെ  "quotes" മിസ്സ്‌ ആയതും ഈ ചേർത്തുവായിക്കലിനു സപ്പോർട്ട് ആയി . ഓ!! ഇതു ഒരു ടൈപ്പിംഗ്‌ പ്രോബ്ലം അല്ലേ ... അതിൽ എന്തിരിക്കുന്നു? ഞാൻ ആശ്വസിച്ചു.  പക്ഷേ അവരെ ആശ്വസിപ്പിക്കാൻ അത് പോരായിരുന്നു . കുറെ നേരം അവർക്ക് ഒരു ടോപ്പിക്ക് ആയി , എന്നെ വട്ടുപിടിപ്പിക്കാൻ കിട്ടുന്ന അവസരം അങ്ങനെ കളയുമോ? കുറേ കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു തുടങ്ങി, അല്ലേ .... വേറെ ഒരു പേരും കിട്ടിയില്ല!!! ഈ  പഴഞ്ചൻ പേരു തന്നെ വേണമായിരുന്നോ ????

എന്നാലും ചുമ്മാ മിണ്ടാതിരുന്നു കേട്ടു. ഞാൻ കരുതി ഇനി കുറെ നാളത്തേക്ക് പണിയായി എന്നു. പക്ഷേ ...  അതെല്ലാരും പെട്ടന്നു  മറന്നു , ഞാനും...  

അങ്ങനെ കോളേജ് ജീവിതം കഴിഞ്ഞു, ജോലിയൊന്നുമായില്ല . വല്ലപ്പോഴും ഒരു job  fair വന്നാൽ എല്ലാരേം കാണാനായി ഉള്ള ഇറക്കം ...  ചുമ്മാ വീട്ടിലിരുന്നപ്പോൾ അമ്മ കല്യാണാലോചനകൾ  തുടങ്ങി. അങ്ങനെ കല്യാണo തീരുമാനവുമായി . അങ്ങനെയിരിക്കേ ഒരു job fair  നു പാത്തുവും നയനയും തൃശൂരിൽ വന്നു . ഭക്ഷണത്തിനായി  ഞങ്ങൾ ഒരു Resturant  ഇൽ കയറി. 

കഴിക്കുന്നതിനിടെ  നയന ചോദിച്ചു, എന്താടി പുള്ളിയുടെ പേര് ??

ഞാൻ പറഞ്ഞു, വിനോദ് !!!!

പിന്നെ ഞാനും നയനയും ഒന്നിച്ചായിരുന്നു പറഞ്ഞത്!!!!

 എഹ് ! Suguvinod !!!!!

Resturant  ഇൽ ഉള്ളവർ നോക്കുന്നുണ്ടായിരുന്നു , പക്ഷേ ഞങ്ങൾ സംഭവം പാതി മറന്ന പാത്തുവിനേം കൊണ്ട് ആ പഴയ ഹോസ്റ്റൽ റൂമിൽ എത്തിയിരുന്നു.

യാദൃശ്ചികം എന്ന് തോന്നാമെങ്കിലും ഇപ്പോഴും ഞാൻ ആ സംഭവം ഓർത്തു അത്ഭുതപ്പെടാറുണ്ട് !!!!!