student സുവിധയെ കുറിച്ചുള്ള (സ്റ്റുഡൻറ്റ് സുവിധ ചില ഓർമ്മകൾ ) എന്റെ മുൻ ബ്ലോഗ് പോസ്റ്റിൽ RIT യിലെ നോമ്പ് കാലത്തേ ഓര്മകളിലേക്ക് ചെറുതായി ഒന്ന് ഇറങ്ങി ചെന്നപ്പോ തന്നെ മനസ്സിലേക്ക് അന്നത്തെ നിറമുള്ള ഓർമ്മകളൊക്കെ ഒന്നൊന്നായി വരാൻ തുടങ്ങിയിരുന്നു. വിഷയം വേറെ ആയതു കൊണ്ട് അവിടെ കൂടുതലായി എഴുതിയില്ല എന്നെ ഒള്ളൂ. അപ്പോഴേ ഓർത്തിരുന്നു ഇതൊരു വിഷയമായി എഴുതണം എന്ന്.
നോമ്പ് കാലം എന്നും ഗൃഹാതുരമായ ഓർമ്മകൾ ആണ് സമ്മാനിക്കുന്നത്.. പുണ്യം നിറയുന്ന ദിന രാത്രങ്ങളും പവിത്രമായ മനസ്സുകളും എല്ലാം കൊണ്ട് അനുഗ്രഹീതമായ കാലം.. RIT യിലെ നോമ്പ് കാലം വന്നു അണയുമ്പോൾ മനസ്സില് ചെറിയ പേടിയുണ്ടായിരുന്നു.. എങ്ങനെ ആയിരിക്കും ഇവിടെ നോമ്പ് പിടിക്കലും നോമ്പ് തുറക്കലും എല്ലാം എന്ന ഒരു ചിന്ത.. ഹോസ്റ്റലിൽ നോമ്പ് എടുക്കാൻ ഞാനും ഫിറോസും മാത്രം... തലേ ദിവസത്തെ ചപ്പാത്തി എടുത്തു വെച്ചും തക്കാളി കൊണ്ട് കറി ഉണ്ടാക്കിയും, ബ്രെഡും മുട്ടയും, അവിൽ നനച്ചതും ഒക്കെ ആയിരുന്നു ഞങ്ങളുടെ അത്താഴം. അവിലിന്റെ കാര്യം പറയുമ്പോ ഒരു കാര്യം ഓർമ വരുന്നു , ഒരു ദിവസം ഞങ്ങൾ പാമ്പാടിയിൽ പോയി അവിൽ വാങ്ങിച്ചു...ഞങ്ങളുടെ നാട്ടിലൊക്കെ അവിൽ ഉപയോഗിക്കുന്നതിന്റെ മുൻപ് നന്നായി കഴുകാറുണ്ട്... കടയിൽ നിന്നും അതിൽ എന്തേലും അഴുക്കുകൾ കയറി കൂടിയിട്ടുണ്ടെങ്കിൽ അതെല്ലാം കളയാനാണ് ഇത്. ഞങ്ങൾ നാട്ടിലെ അവിലിന്റെ ഓർമ്മയിൽ കോട്ടയം അവിലും നന്നായി വെള്ളത്തിൽ ഇട്ടു കഴുകി... കഴുകി വെള്ളത്തിൽ നിന്നും അവിലെടുക്കാൻ നോക്കുമ്പോ അവിലെല്ലാം വെള്ളത്തിൽ അലിഞ്ഞു പോയിരിക്കുന്നു... ഒരു തരം അവിൽ പായസം പോലെ.. അന്ന് പിന്നെ കട്ടൻ ചായ കുടിച്ചു നോമ്പ് പിടിക്കേണ്ടി വന്നു എന്ന് മാത്രം. ഇടയ്ക്കിടെ seniors ലെ സനലും വിപിനും നമ്മുടെ കിരണും ഒക്കെ ഉണ്ടാകുമായിരുന്നു നോമ്പ് പിടിക്കാൻ..അവസാന വര്ഷം ആയപ്പോഴേക്കും (Projectന്റെ സമയം) ഹോസ്റ്റലിൽ കുറെ juniors കൂടെ ഉണ്ടായി നോമ്പ് പിടിക്കാൻ. ആ വർഷം അത്താഴം BTech ഹോസ്റലിൽ ആയിരുന്നു. പാതി രാത്രി കഴിഞ്ഞു എഴുന്നേറ്റു മറ്റുള്ളവരെയും വിളിച്ചു എണീപ്പിച്ചു മൊബൈൽ വെളിച്ചത്തിൽ ഹൊസ്റ്റലിലെ വഴികൾ താണ്ടി സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിൽ കുളിച്ചു കിടക്കുന്ന കോളേജ് വഴികളിലൂടെ നടന്നു പോയുള്ള ആ അത്താഴം കഴിക്കൽ ഒരു അനുഭവം തന്നെ ആയിരുന്നു... പുട്ട്,വെള്ളപ്പം, ദോശ, ഇഡ്ഡലി ഇവയൊക്കെ ആയിരുന്നു വിഭവങ്ങൾ .. BTech കരോട് കൂടെ ഉള്ള അത്താഴം നല്ല രസമായിരുന്നു...
പള്ളിയിൽ പോയുള്ള നോമ്പ് തുറ അതിലേറെ രസകരമായിരുന്നു. നോമ്പ് തുറയെ പറ്റിയൊക്കെ ആദ്യമേ കേട്ടിരുന്നു. നോമ്പ് തുടങ്ങുന്നതിനു മുന്നേ തന്നെ പള്ളിയിയുടെ മുറ്റത്ത് പന്തലൊക്കെ ഇട്ടു അഥിതികളെ സ്വീകരിക്കാൻ ഒരുങ്ങും. പള്ളിയിൽ ചെല്ലുമ്പൊ തന്നെ കാണാം വെള്ളവും കാരക്കയും ഒക്കെ ഓരോരുത്തര്ക്കായി വച്ചിരിക്കുന്നത്... ആദ്യം അത് കഴിച്ചു പിന്നെ നമസ്കാരം കഴിഞ്ഞാണ് വിശാലമായ തുറ. ആദ്യ ദിവസം നമസ്കാരം കഴിഞ്ഞു ഏറെ പ്രതീക്ഷയോടെ ഭക്ഷണം കഴിക്കാൻ വന്ന ഞാൻ കണ്ടത് പാത്രങ്ങളിൽ ആവി പറക്കുന്ന കഞ്ഞി ആണ്. കഞ്ഞിയും അച്ചാറും ഒന്നിച്ചു വിളമ്പിയ ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്... ചങ്കു തകര്ന്നു പോകും.. വയറു നിറയെ പത്തിരിയും കോഴിക്കറിയും തിന്നാൻ പൂതി വെച്ചവനാണ് ആ കാഴ്ച കാണേണ്ടത് എന്ന് മാത്രം. പിന്നെ ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് പറഞ്ഞ പോലെ കിട്ടിയത് കഴിച്ചു... കാണും പോലെ അല്ല സംഭവം കൊള്ളാമായിരുന്നു... (ആ കാലത്ത് വീട്ടിൽ വരുമ്പോ എല്ലാരും പറയും അവനു അവിടെ നോമ്പ് തുറക്കാൻ കഞ്ഞിയാണ് കിട്ടാറു , അത് കൊണ്ട് ആദ്യം അവനു കൊടുക്ക് എന്ന്... ഒരു നല്ല പരിഗണന കിട്ടിയിരുന്നു എന്നർഥം). പിന്നീട് എത്ര നോമ്പ് തുറകളിൽ ആ കഞ്ഞി കടന്നു വന്നിരിക്കുന്നു. ഒഴിവു ദിവസങ്ങളിൽ ആളു കുറവുള്ള ദിവസങ്ങളിൽ ചിക്കെനും അപ്പവും ബീഫും ഒക്കെ കിട്ടിയത് മറക്കുന്നില്ല. സുമനസ്സുകളുടെ കാരുണ്യത്തിൽ നടന്നിരുന്ന ആ നോമ്പ് തുറ നമ്മുടെ കോളേജിലെ പിള്ളാർക്ക് ഒരു വലിയ അനുഗ്രഹം തന്നെ ആയിരുന്നു. കിരണും മറ്റും ആദ്യത്തെ ചെറിയ തുറ കഴിഞ്ഞു ഞങ്ങൾ നമസ്കാരം കഴിഞ്ഞു വരാൻ കാത്തിരിക്കുന്നത് എനിക്ക് ഇപ്പോഴും ഓർമയിൽ വരുന്നു.
നോമ്പ് തുറ കഴിഞ്ഞു എല്ലാരുടെയും കൂടെ സൊറ പറഞ്ഞു ഹോസ്റ്റൽ ലക്ഷ്യമാക്കിയുള്ള യാത്ര അതും ഒരു സംഭവം തന്നെ ആണ് , എത്രയോ തവണ ചീറി പാഞ്ഞു വരുന്ന വാഹനങ്ങളിൽ നിന്നും രക്ഷപെട്ടിട്ടുണ്ടാന്നോ !!!! (നമ്മൾ റോഡ് അരികിലൂടെ തന്നെയാണ് നടക്കാറു എന്നാലും...) അങ്ങനെ ഉള്ള ഒരു ദിവസത്തെ യാത്രയിൽ ബിനോദ്ൻറെയും ജുടിന്റെയും ഒക്കെ റൂമിൽ വച്ച് ഒരു സംഭവം ഉണ്ടായി.. സംഭവം ഇത് വായിക്കുന്ന ചിലര്ക്കൊക്കെ അറിയാം... ഞാൻ ഇവിടെ സൂചിപ്പിക്കുന്നില്ല. ചില ദിവസങ്ങളിൽ ഞങ്ങൾ (ഞാൻ, ഫിറോസ്,സനൽ) അവിടെ കയറിയിട്ടാണ് വരാറ്. ആ സംഭവത്തോടെ അവിടെ കയറുന്ന പതിവ് ഞങ്ങൾ നിർത്തി.. റോഡ് സൈഡിൽ നിന്നുള്ള ഹായ് മാത്രമായി പിന്നെ...
നോമ്പ് അവസാനത്തിൽ RIT students നടത്തുന്ന നോമ്പ് തുറയാണ് പിന്നെ ഉള്ള ഒരോര്മ്മ.. ആ ദിവസത്തെ ഉൽബോധന ക്ലാസും നോമ്പുതുറയും girls ലെ പലര്ക്കും ഓര്മ്മ കാണും എന്ന് കരുതുന്നു... ഒരു വര്ഷത്തെ കോളേജ് students ന്റെ നോമ്പ് തുറ ദിവസം ഉൽബോധന ക്ലാസ്സ് എടുക്കാൻ വന്ന ഉസ്താദിനെ കൊണ്ട് വിടാൻ നറുക്ക് വീണത് എനിക്കാണ്. അദ്ധേഹത്തെ കോട്ടയത്ത് ചെന്ന് ആക്കിയപോഴേക്കും ബാങ്ക് വിളിച്ചു. ആ പള്ളിയിൽ നിന്നും നോമ്പ് തുറക്കേണ്ടി വന്നു. വിഭവം നമ്മുടെ കഞ്ഞി തന്നെ. (പാപി ചെല്ലുന്നിടം പാതാളം എന്ന പോലെ ...) ബാക്കി എല്ലാരും ചിക്കനും പൊറോട്ടയും തട്ടി വിടുമ്പോ ഞാൻ ആ കഞ്ഞി ഊതി കുടിച്ചു കൊണ്ടിരുന്നു. തിരികെ മടങ്ങുമ്പോ കഴിക്കാൻ പോകുന്ന ചിക്കെന്റെയും പോറോട്ടയുടെയും ചിന്തയിൽ ഞാൻ വണ്ടി വിട്ടു. പക്ഷെ ഏറെ പ്രതീക്ഷയോടെ പള്ളിയിൽ എത്തിയപ്പോ അവിടെ സാധനം തീര്ന്നു പോയിരിക്കുന്നു.. സംഘാടകർക്ക് ഇങ്ങനെ ഒക്കെ ഉണ്ടാകും എന്ന് സമാധാനിച്ചു കുറച്ചു ബ്രെഡ് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു...
ഒരു നോമ്പ് കാലം പടി വാതിലിൽ എത്തി നില്ക്കുമ്പോ ഇക്കാര്യങ്ങളൊക്കെ ഒര്ക്കാൻ ഒരു രസം...
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ ............................
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ ............................


No comments:
Post a Comment