Friday, February 27, 2015

നീലക്കുറിഞ്ഞിയുടെ നാട്ടിലേക്ക്

  MCA ജീവിതത്തില്‍  ഉണ്ടായ ഒരു വിനോദ യാത്രയുടെ ഒാർമ്മകളിലൂടെ ഒരു തിരിഞ്ഞു നോട്ടം (ഭാഗം 1)
 
         മൂന്നാം സെമസ്റ്ററിൽ ടൂർ പോകുക എന്നത് നമ്മുടെ കോളേജിലെ (RIT  കോട്ടയം) MCA യിലെ ഒരു കീഴ്   വഴക്കം പോലെ ആയിരുന്നു. സീനിയര്‍ ബാച്ചുകൾ എല്ലാരും അതെ സമയത്ത് വിനോദ യാത്ര പോയിട്ടുണ്ടായിരുന്നു. നമ്മളും  അതു പോരാൻ തീരുമാനിച്ചു. ടൂർ പോകുന്നതിന് കുറെ മുൻപ് തന്നെ പോകേണ്ട സ്ഥലം തിരയാൻ തുടങ്ങിയിരുന്നു പലരും. ഹോസ്റ്റലിലെ ഞങ്ങളുടെ ചർച്ചകൾ ചിലപ്പോഴൊക്കെ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ  സഞ്ചാരം പരിപാടി പോലെ ഇന്ത്യയും കടന്ന് പുറത്തേക്ക് പോകുമായിരുന്നു.

        കാശിന്റെ പരിമിതിയും ദിവസക്കുറവും (ഏക  ദിനം ) കാരണം  സ്ഥലമന്വേഷണം രണ്ടു സ്ഥലങ്ങളായി ചുരുങ്ങി. മൂന്നാറും കൊല്ലം ജില്ലയിലെ തെന്മലയും. കൂടുതൽ പേർക്കും മൂന്നാർ പോകാനായിരുന്നു ആഗ്രഹം. ഭൂരിപക്ഷത്തിന്റെ അഭിപ്രായം പോലെ മൂന്നാർ തന്നെ തിരഞ്ഞെടുത്തു. സ്കൂള്‍ പഠന കാലത്ത് മൂന്നാറിനെ പറ്റി പഠിച്ച കാലം തൊട്ട് മൂന്നാർ എന്റെയും ഒരു സ്വപ്നം ആയിരുന്നു. 
        യാത്രയുടെ കാര്യം ക്ലാസ്സില്‍ പറഞ്ഞപ്പോള്‍ തന്നെ ചെറിയ ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായി. ഗേൾസിന്റെ ഏകാധിപത്യം ആണ് തീരുമാനങ്ങളിൽ എന്ന് ചിലര്‍... വേറെയും കുറെ കാരണങ്ങൾ. അങ്ങനെ ഉടക്കിയും അടുത്തും വാഗ്വാദങ്ങളുമായും ബഹളമയമായിരുന്നു ചർച്ചകൾ എല്ലാം. അവസാനം എല്ലാവരുമായും സംസാരിച്ചു മൂന്നാറിലേക്ക് തന്നെ പോകാന്‍ തീരുമാനിച്ചു. അനുമതിക്കായി HOD യെ കണ്ടപ്പോള്‍ സീരീസ് എക്സാം കഴിഞ്ഞു പോയാല്‍ മതി എന്നായിരുന്നു മറുപടി. അങ്ങനെ 17.01.2008 വ്യാഴാഴ്ച പോകാൻ തീരുമാനിച്ചു. അതിനായി ബസ്സ് ബുക്ക് ചെയ്യാന്‍ മണിയുെടയും ഫിറോസിൻറെയും നേത്റത്ത്വത്തിൽ ഒരു ടീമിനെ വിട്ടു. നമ്മുടെ ബജറ്റില്‍ ഒതുങ്ങിയ ഒരു നല്ല ബസ്സ് തന്നെ (കളഭം) അവര്‍ ബുക്ക് ചെയ്തു. ഞാനടക്കം ചിലര്‍ പോകേണ്ട സ്ഥലങ്ങളും മറ്റും ശരിയാക്കി. വ്യഴായ്ച്ച പുലർച്ചെ 3 മണിക്ക് ബസ്സ്‌ പുറപ്പെടും എന്ന് എല്ലാരേയും അറിയിച്ചു.
        ടൂർ പോപോകാന്‍ അനുമതിക്കായി HOD യെ കണ്ടപ്പോള്‍ തന്നെ കൂടെ വരാൻ ഒരു പെർമനൻറ് സ്ററാഫ് വേണം എന്ന്  പറഞ്ഞിരുന്നു. ടൂർ സംഘത്തിനൊപ്പം വരാന്‍ നമ്മുടെ ഡിപ്പാർട്ട്മെന്റിൽ സാറുമാർ ആരും ഇല്ലാതെ വന്നപ്പോ കോളേജില്‍ ടൂറിന് വേണ്ടി മാത്രം നിയോഗിച്ച എന്ന് നമുക്കു തോന്നാറുള്ള സന്തോഷ് സാറിനെ സമീപിച്ചു. പക്ഷേ സാറിന്റെ മറുപടി നമ്മെ നിരാശരാക്കുന്നതായിരുന്നു. തലേ ദിവസം വേറെ ഒരു ബാച്ചിന്റെ കൂടെ വയനാട് പോയി വന്നതെ ഒള്ളു, അതു കൊണ്ട് ഉടനെ അടുത്ത യാത്ര ബുദ്ധിമുട്ടാണ് എന്ന മറുപടി ഞങ്ങളുടെ എല്ലാ സന്തോഷവും കെടുത്തി കളഞ്ഞു. യാാത്ര തന്നെ മുടങ്ങി പോകുമോ എന്ന ചിന്ത വരെ ഉണ്ടായി. പകരം സന്തോഷ്‌ സർ തന്നെ ഒരു വഴി പറഞ്ഞു തന്നു. മെക്കാനിക്കൽ  Department ലെ ഒരു സാറിനെ പോയി കാണാൻ പറഞ്ഞു. (പേര് മറന്നു പോയി) അങ്ങേരു വരും എന്നും പറഞ്ഞു. ഞാനും ഫിറോസും കിരണും കൂടി അവിടെ ആ സാറിനെ കാണാൻ പോയി. അതിനിടക്ക് ഒരു തമാശയുണ്ടായി. കിരൺ നീല ഷര്‍ട്ടും  പാൻറ്സും  ആയിരുന്നു ധരിച്ചിരുന്നത്. മെക്കാനിക്കൽ ബ്ളോക്കിൽ അവരുടെ വർക്കു ഷോപ്പില്‍ ആയിരുന്നു ഞങ്ങള്‍ സാറിനെ കാണാൻ പോയത്. ഞങ്ങള്‍ അദ്ദേഹത്തെയും കൊണ്ടു അവരുടെ ഹെഡിൻറെ നോ ഒബ്ജക്ഷൻ ലെറ്റർ വാങ്ങാൻ വേണ്ടി പോയ സമയത്ത് കിരൺ അവിടെ ഉള്ള പിള്ളാരെ നോക്കി നിൽക്കുകയായിരുന്നു. അപ്പോള്‍ അതു വഴി വന്ന മറ്റൊരു സാര്‍ കിരണിനൊട് പറഞ്ഞു, "വർക്ക് ഷോപ്പ് കഴിഞ്ഞാൽ ഇവിടെ നിൽക്കാൻ പറ്റില്ല ,പുറത്ത് പോകണം" ഇത് കേട്ടു അവനാകെ ചമ്മി. (അവനെ ആ വേഷത്തിൽ കണ്ട അയാളു കരുതിയത് അവന്‍ mechanical ഫസ്റ്റ് ഇയർ സ്റ്റുഡൻറ് ആണ് എന്നാണ്.)

        അവിടുന്ന് കൂട്ട് പോരാൻ ആളെ കിട്ടിയ സന്തോഷത്തോടെ പിറ്റേ ദിവസം സാറിന്റെ കത്തുമായി  HOD യുടെ അടുത്ത് എത്തിയപ്പോ അടുത്ത അടി കിട്ടി. കുറച്ചു കൂടെ ഉയർന്ന പോസ്റ്റിലുള്ള ആളു വേണം എന്നായി . അങ്ങനെ ഉള്ള ആരേലും ഇല്ലാതെ പെർമിഷൻ തരാൻ പറ്റില്ലാന്നു. സുരേഷ് സാറിന്റെ അടുത്ത് പോയി ചോദിച്ചെങ്കിലും അങ്ങേരു ഒഴിവു കഴിവ് പറഞ്ഞു ഒഴിഞ്ഞു.
        അവസാനം വീണ്ടും സന്തോഷ്‌ സാറിന്റെ അടുത്ത് തന്നെ പോയി കാര്യം പറഞ്ഞു. സാർ വിചാരിച്ചാലെ ഇനി ഞങ്ങളുടെ ടൂർ നടക്കു  എന്നതാണ് അവസ്ഥ എന്ന് സാറിനെ ബോധിപ്പിച്ചു. അവസാനം നല്ല മനസ്സിനുടമായ സർ വരാമെന്ന്  സമ്മതിച്ചു. അപ്പൊ എല്ലാരുടെയും മുഖത്ത്  പൂത്തിരി കത്തിയ പോലെ പ്രകാശം കാണാമായിരുന്നു. ലേഡി സ്റ്റാഫിൽ നിന്നും സ്നേഹ മിസ്സ്‌ വരാം എന്ന് സമ്മതിച്ചു. അക്കാര്യം ഉടനെ തന്നെ HOD യെ ബോധ്യപ്പെടുത്തി സമ്മതം വാങ്ങി. യാത്രക്കിടയിൽ കൊണ്ട് പോകേണ്ട പേപ്പർ എല്ലാം HOD യുടെ അടുത്ത് നിന്നും സൈൻ ചെയ്തു വാങ്ങിച്ചു. സ്നേഹ  മിസ്സിനെ അന്ന് രാത്രി ഹോസ്റ്റലിൽ താമസിപ്പിക്കാനുള്ള അനുവാദത്തിനു വേണ്ടി ഹോസ്റ്റൽ ഓഫീസിൽ പോയി ശ്യാം സാറിനെ കണ്ടു അതും ശരിയാക്കി. ക്ലാസ്സിലെ ആകെ 29 പേരിൽ 5 പേരൊഴികെ ബാക്കി എല്ലാരും യാത്രക്ക് റെഡി ആയി.
        അവസാന എക്സാം എഴുതി ഇറങ്ങിയവരെല്ലാം വലിയ സന്തോഷത്തിലായിരുന്നു. എക്സാം ഭംഗിയായി എഴുതിയത് കൊണ്ടായിരുന്നില്ല ആ സന്തോഷം, മറിച്ചു പിറ്റേ ദിവസത്തെ ടൂറിനെ കുറിച്ച് ഓർത്തു കൊണ്ടായിരുന്നു. രാത്രി 3 മണിയോടെ കോളേജിൽ നിന്നും പുറപ്പെടാം എന്ന രീതിയിൽ കാര്യങ്ങളെല്ലാം പ്ലാൻ ചെയ്തു. വീട്ടിൽ നിന്നും വന്നു കൊണ്ടിരുന്നവരൊക്കെ അന്ന് ഹോസ്റ്റലിൽ തങ്ങി. എല്ലാരും കൂടെ അന്ന് നല്ല രസമായിരുന്നു. 

17.01.2008 Time 2.00 AM

         തലേ ദിവസം ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞു  കിടക്കുമ്പോ 12 മണി കഴിഞ്ഞിരുന്നു. കൃത്യം 2 മണിക്ക് അലാറം വച്ച് എണീറ്റു. കുളിയും വേഷം മാറലും കഴിഞ്ഞു ഇറങ്ങി. എല്ലാരും റെഡി ആയി താഴെ അഡ്മിൻ ബ്ലോക്കിന്റെ അടുതെത്തി. വണ്ടി 2.30 നു തന്നെ എത്തിയിരുന്നു. കൃത്യം 3 മണിക്ക് തന്നെ ബസ്സ് നീല കുറിഞ്ഞി പൂക്കുന്ന മലകളെ ലക്ഷ്യമാക്കി പുറപ്പെട്ടു. ഞങ്ങൾ ആകെ 27 പേരുണ്ടായിരുന്നു. 11 ബോയ്സ് , 13 ഗേൾസ്‌ , 3 ടീച്ചേർസ്. ബസ്‌ പുറപ്പെട്ട കുറച്ചു കഴിഞ്ഞപ്പോൾ സന്തോഷ് സർ എല്ലാവരേയും പരിചയപ്പെടണം എന്ന് ആവശ്യപ്പെട്ടു  . മൈക്ക് ഉപയോഗിച്ച് എല്ലാവരും സ്വയം പരിചയപ്പെടുത്തി.. പിന്നീട് എല്ലാവരും (girls) കൊണ്ടു വന്ന സ്വീറ്റ്സ് പരസ്പരം വിതരണം ചെയ്തു. പാട്ടും ചിരിയും ബഹളവുമായി ബസ്സ് നീല കുറിഞ്ഞി പൂക്കുന്ന മല നിരകളെ ലക്ഷ്യമാക്കി നീങ്ങി .

        6 മണി ആയപ്പോ ഫ്രഷ്‌ ആകുന്നതിനായി ഒരിടത്ത് ബസ്‌ നിർത്തി.   ഭാഗ്യത്തിന് അതിന്റെ അടുത്ത് തന്നെ ഒരു ചെറിയ വെള്ളച്ചാട്ടവും ഉണ്ടായിരുന്നു. അവിടുത്തെ ഒരു കടയിൽ നിന്ന്  ചായയും കുടിച്ചു വണ്ടി വീണ്ടും യാത്ര തുടർന്നു. ഞാനും മണിയും ബസ്സിന്റെ മുൻഭാഗത്ത്‌ തന്നെ ഇരുന്നു. അവിടെ ഇരുന്നാൽ എല്ലാ കാഴ്ചകളും നന്നായി കാണാമായിരുന്നു. അവിടെ ഇരുന്നത് കാരണം എല്ലാരും കൂടെ മണിക്ക് ഒരു പുതിയ പേരിട്ടു, 'കൊണാണ്ടർ' (കോർഡിനേറ്റർ എന്നുള്ളത് കളിയാക്കി വിളിച്ചതാണ് കൊണാണ്ടർ )
        ബസ്‌ അവിടെ നിന്നും പുറപ്പെട്ടു പിന്നീട് കല്ലാർ വെള്ള ചാട്ടത്തിനു അടുത്തെത്തി. കല്ലാർ വാട്ടർ ഫാൾസ്‌. എല്ലാവരും അവിടെ ഇറങ്ങി. ആദ്യമിറങ്ങിയ ഞാൻ സന്തോഷ്‌ സാറിനോട് വെള്ള ചാട്ടത്തിനു അടുത്തേക്ക് പോകാം എന്ന് പറഞ്ഞപ്പോ വേണ്ട സമയമുണ്ടാകില്ല എന്നായിരുന്നു സാറിന്റെ മറുപടി... (ആ സ്ഥലം നമ്മുടെ ലിസ്റ്റിൽ ഇല്ലായിരുന്നു). പിന്നെയും പറഞ്ഞപ്പോ എന്നാ പോയേക്കാം എന്നും പറഞ്ഞു സർ നടന്നു. രസകരമായ ഒരു കാര്യം ഏറ്റവും അവസാനം അവിടെ നിന്നും ഇറങ്ങിയത്‌ സന്തോഷ്‌ സർ ആയിരുന്നു എന്നതാണ്.

        എല്ലാവരും വെള്ളച്ചാട്ടം നന്നായി ആസ്വദിച്ചു. കുറെ പേരൊക്കെ അതിന്റെ ഏറ്റവും മുകളിൽ വരെ എത്തി. സന്തോഷ്‌ സർ തന്നെ ആയിരുന്നു ഏറ്റവും മുന്നിൽ. തോർത്ത്‌ മുണ്ട് എടുക്കാത്തതിനാൽ കുളിക്കാൻ പറ്റിയില്ല എന്ന് സർ പരിഭവം പറയുന്ന കേട്ടു. ഒരു പാട് ഫോട്ടോ സെഷൻസ് അവിടെ അരങ്ങേറി. സ്നേഹ മിസ്സ്‌ ഒക്കെ പാറക്കു മുകളിൽ കയറുന്നത് കണ്ടപ്പോ സ്നേഹ മിസ്സ്‌ തന്നെ അല്ലെ അത് എന്ന് തോന്നിപ്പോയി.

        അവിടെ  നിന്ന്  വീണ്ടും യാത്ര തുടർന്ന്. ചെറിയ ചെറിയ ചുരങ്ങൾ കയറി ഞങ്ങൾ ഒരു വ്യൂ പൊയന്റിൽ ഗ്രൂപ്പ്‌ ഫോട്ടോക്ക് പോസ് ചെയ്തു. വീണ്ടും യാത്ര തുടർന്ന്. ഇടയ്ക്കു ആറ്റുകാൽ വെള്ളച്ചാട്ടവും പള്ളി വാസൽ ഹൈഡ്രോ ഇലക്ട്രിക്‌ സ്റെഷനും വാഹന സൗകര്യം പരിഗണിച്ചു വേണ്ട എന്ന് വച്ചു.  10 മണിയോടെ ഞങ്ങൾ മൂന്നാർ ടൌണിൽ എത്തിച്ചേര്ന്നു. യാത്രക്കിടയിൽ കണ്ട തേയില തോട്ടങ്ങളൊക്കെ വളരെ മനോഹരമായിരുന്നു. ഇടയ്ക്കു അടിമാലിയിൽ വച്ചു Eastern കറി പൌഡർ കമ്പനിയുടെ ഫാക്ടറിയും കണ്ടു. ഒരിടത്ത് വച്ചു സൂര്യ നെല്ലി പെണ്‍കുട്ടി പഠിച്ച സ്കൂൾ ഡ്രൈവർ കാണിച്ചു തന്നു.
                  
       മൂന്നാറിൽ എത്തിയപ്പോഴേക്കും എല്ലാവര്ക്കും നന്നായി വിശക്കാൻ തുടങ്ങിയിരുന്നു. ഡ്രൈവർ ഞങ്ങളെ ഒരു ഹോട്ടലിലേക്ക്  കൊണ്ട് പോയി. എല്ലാവരും അവരവർക്ക് വേണ്ട വിഭവങ്ങൾ തന്നെ ഓർഡർ ചെയ്തു. അവസാനം ബോട്ടിലിൽ ചൂട് വെള്ളം നിറക്കുന്നതുമായി ബന്ധപ്പെട്ടു എനിക്ക് ഹോട്ടലുകാരുമായി ഉടക്കേണ്ടി വന്നു. (അത് കാരണം ഉച്ചക്ക് ഊണിനു ഞാൻ അവിടെ കയറിയില്ല)
        ചായ കഴിഞ്ഞു ഞങ്ങൾ രാജമാലയിലേക്ക് പുറപ്പെട്ടു. നീല കുറിഞ്ഞി പൂക്കളും വരയാടുകളുമുള്ള ഒരേ ഒരു മലയാണ് രാജമല. രാജമലയിലേക്ക് ടുറിസം ബോർഡിന്റെ മിനി ബസ്സുകൾ മാത്രമേ കടത്തി വിടുകയുള്ളു. ഞങ്ങൾ ബസ്സ്‌ പുറത്തു പാർക്ക്‌ ചെയ്തു. ടിക്കറ്റ്‌ എടുക്കാനും ബസ്സ്‌ കയറാനുമായി  ഞങ്ങൾക്ക് കുറെ സമയം ക്യുവിൽ നിൽക്കേണ്ടി വന്നു. ക്യാമറകൾ അകത്തേക്ക് കൊണ്ട് പോകാനും ടിക്കറ്റ്‌ ആവശ്യമായിരുന്നു. കുറെ സമയത്തെ കാത്തിരിപ്പിനു ശേഷം ഒരു ബസ്‌ വന്നു. അതിൽ നമ്മുടെ കൂട്ടത്തിൽ നിന്നും ഞാനും, ബിനോദും, സ്നേഹ മിസ്സും പിന്നെ രണ്ടു പേർക്കും കൂടെ കയറാനോ സീറ്റ് ഉണ്ടായിരുന്നുള്ളു  വേറെ  കുറെ ആളുകൾ ആദ്യം തന്നെ അതിൽ കയറിയിരുന്നു.

         ബാക്കി ഉള്ളവർ അടുത്ത ബസ്സ്‌ വരാനായി കാത്തിരുന്നു. ഞങ്ങൾ കയറിയ ബസ് രാജമലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആന മുടി ലക്ഷ്യമാക്കി പുറപ്പെട്ടു. ഞാനും ബിനോദും ബസിൽ ഇരുന്നു ആനമുടിയുടെ ഫോട്ടോ എടുക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരു വിധം മലയും ക്യാമറയും നേരെ ആയി വരുമ്പോ ബസ്‌ വേറെ ഒരു ഭാഗത്തേക്ക് നീങ്ങും. പെട്ടെന്ന് നിലവിളി പോലെ  എന്തോ ഒരു ശബ്ദം കേട്ടു. ഗേൾസ്‌ ഇരുന്ന ഭാഗത്ത്‌ നിന്നും ആയിരുന്നു ശബ്ദം വന്നത്. ഞാൻ ആദ്യം കരുതിയത്‌ എന്തേലും അപകടമായിരിക്കും  എന്നാണ്. കാരണം ആ റോഡിനു  ഒരു മിനി ബസ്സിനു കഷ്ടിച്ച് കടന്നു പോകാനുള്ള വീതിയെ ഉണ്ടായിരുന്നുള്ളു. ശബ്ദം ഉണ്ടാക്കിയതിന്റെ കാരണം പിന്നീടാണ് മനസ്സിലായത്. ഫോട്ടോകളിൽ മാത്രം കണ്ടു പരിചയമുള്ള വരയാടുകളെ ആദ്യമായി നേരിൽ കണ്ടതിന്റെ ആഹ്ലാദ പ്രകടനമാണ് അവിടെ ഉണ്ടായതു. ബസ്സിലെ ഗൈഡ് പറഞ്ഞു വരയാടുകളെ അപൂർവമായേ കാണാൻ പറ്റു എന്ന്, അതോടെ എല്ലാരും വളരെ കാര്യമായി തന്നെ അവയെ വീക്ഷിച്ചു. ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോഴേക്കും വണ്ടി വിട്ടു. വരയാടുകളെ കാമെരയിലക്കാൻ പറ്റിയില്ലല്ലോ എന്നാ നിരാശയോടെ ഞങ്ങൾ ഇരുന്നു.

         ഞങ്ങള്ക്ക്  പിന്നാലെ  മറ്റുള്ളവരും  വന്നു  ചേർന്ന് . എല്ലാവരും  കൂടെ  മല  കയറാൻ  ആരംഭിച്ചു . കാഴ്ചകളും  വരയടുകളെയും , കരിഞ്ഞുണങ്ങിയ  നീല  കുറിഞ്ഞി  ചെടികളും  കണ്ടു  തമാശയും  ബഹളവും  ഒക്കെ  ആയി  ഞങ്ങൾ  രാജമലയിലെ  സന്ദർശകർക്ക്  പ്രവേശനമുള്ള  സ്ഥലം  വരെ  എത്തി .അവിടെ  വച്ച്  ഒറ്റക്കും  കൂട്ടായും  ഒക്കെ  പലരും  ഫോട്ടോ  എടുക്കുന്നുണ്ടായിരുന്നു . (അന്നത്തെ  കാലത്ത്  സെൽഫി  കണ്ടു  പിടിചിട്ടില്ലാത്തത്  കൊണ്ട്  സെൽഫി  എടുപ്പുണ്ടയിരുന്നില്ല , ഇന്നാണേൽ  അതെ  കാണു ) ഇടയ്ക്കു   തടസ്സവുമായി  വന്ന  ഗാർഡിനെ  ക്യാമറ  ഏല്പ്പിച്ചു  ആരോ  അയാളെ  ഒതുക്കി . പിന്നീട്   അങ്ങേരുടെ  കൂടെ  പെണ്  പട  ഫോട്ടോ  എടുക്കുക  കൂടി  ചെയ്തതോടെ  അയാൾ  ഫ്ലാറ്റ് …

        അൽപ  സമയത്തിന്  ശേഷം  ഞങ്ങൾ  തിരിച്ചു  നടന്നു . ദക്ഷിണേന്ത്യയിലെ  ഏറ്റവും  ഉയരം  കൂടിയ  കൊടുമുടിയായ  ആനമുടി  അടുത്ത്  കണ്ട  സംതൃപ്തിയോടെ .ബസ്സിനു  കാത്തിരിന്ന  സ്ഥലത്തിനടുത്ത്  ഒരു  ഫോട്ടോ  ഗാലറി   ഉണ്ടായിരുന്നു . ചിലര്  അതിനു  നേരെ  വച്ച്  പിടിക്കുകയും , ചുമരിലേക്കു  പന്ത്  അടിച്ച  പോലെ  തിരിച്ചു ഇറങ്ങുകയും ചെയ്യുന്ന  കണ്ടു . പിന്നേ  5 രൂപ  കൊടുത്തു  കാണാൻ  പറ്റിയ  കാഴ്ച  എന്നൊക്കെ  പറഞ്ഞു  ചിലര്  പിറ്  പിരുക്കുന്നുണ്ടായിരുന്നു. ( ഇന്നത്തെ  പോലെ  അല്ലല്ലോ  5 രൂപയ്ക്കു  അന്ന്  കുറച്ചൊക്കെ  വിലയുണ്ടായിരുന്നു ) ഞങ്ങൾ   ബസ്സിനായി  കാത്തിരുന്ന് , വീണ്ടും  രണ്ടു  ബസ്സുകളിലായി  ഞങ്ങൾ  മലയിറങ്ങാൻ  തുടങ്ങി . ബസ്സിനുള്ളിലെ  ടീ വീ  യിൽ  ഏതോ  അനിമൽസ്  വീഡിയോ  പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷെ  ആരും  അത്  ശ്രദ്ധിക്കുന്നതായി  കണ്ടില്ല , എല്ലാരും  പുറം  കാഴ്ചകളിൽ  ആയിരുന്നു .
        താഴെ  എത്തിയ  ശേഷം  ഞങ്ങൾ  ഞങ്ങളുടെ  ബസ്സിന്റെ  അടുത്തേക്ക്  നടക്കാൻ  തുടങ്ങി. വഴിയിലെ  കച്ചവടക്കാരിൽ  നിന്നും  ചിലരൊക്കെ  തൊപ്പിയും  കാരറ്റും   വാങ്ങിക്കുന്നുണ്ടായിരുന്നു. സന്തോഷ്‌  സർ  പച്ച  മാങ്ങാ  വില  പേശി  വാങ്ങി  എല്ലാര്ക്കും  ഓരോ  കഷ്ണം  വീതം എല്ലാവര്ക്കും  വിതരണം  ചെയ്തു . 
        എല്ലാവരും  കയറിയ  ഉടനെ  ബസ്സ്‌  വീണ്ടും  മൂന്നാർ  ടൌണ്‍  ലക്ഷ്യമാക്കി  നീങ്ങാൻ  തുടങ്ങി . വഴിയിൽ  ഇടയ്ക്കു  റോഡ്‌  ബ്ലോക്ക്‌  ആയി .ഒരു  കാറുകാരൻ ഇടയിൽ  കയറിയതാണ് , ഇത്  ഞങ്ങളുടെ  ഡ്രൈവറെ  പ്രകോപിപ്പിച്ചു . അയാൾ  ബസ്‌  ഓഫ്‌  ആക്കിയിട്ടു  കാറ് കാരനോട്    പറഞ്ഞു  ‘എനിക്ക്  ഇപ്പൊ  പോകേണ്ട  കാര്യമൊന്നുമില്ല  അവിടെ  കിടക്കട്ടെ ’, ഇത്  കേട്ട്  ഞാൻ  ഞെട്ടിപ്പോയി . ആ  ബ്ലോക്ക്‌  അങ്ങനെ  തുടർന്നാൽ  നമ്മുടെ  പ്ലാൻ  ഒക്കെ  തെറ്റും . സമയം  2.30  ആകുന്നു .ഇനിയും  ഒരു  പാട്  സ്ഥലങ്ങളിൽ  പോകാനുണ്ട് . അവസാനം  മലയാളിയല്ലാത്ത  ആ  കാറുകാരൻ  പിറകൊട്ടെടുത്തു .അങ്ങനെ  അവിടം  വിട്ടു  ഞങ്ങൾ  മൂന്നാർ  ടൌണിൽ  തന്നെ  എത്തി  ചേർന്നു.

ബാക്കി അടുത്ത ഭാഗത്തിൽ.....(click here to read Part II)